വഖ്ഫ് സ്വത്തുക്കൾ

വഖ്ഫ് ഭൂമിയുടെയും കെട്ടിടങ്ങളുടെയും രജിസ്റ്റർ; കട വാടകയും പാട്ടവും ഇവിടെ.

വഖ്ഫിന്റെ കൈവശമുള്ളതെല്ലാം എഴുതിവെക്കാനുള്ള രജിസ്റ്ററാണ് "Properties" വിഭാഗം: പള്ളി കെട്ടിടം, മദ്രസ, ഖബർസ്ഥാൻ, കടകൾ, വീടുകൾ, പാടം, ഒഴിഞ്ഞ സ്ഥലം. വരുമാനമുള്ള സ്വത്തുകളുടെ വാടകക്കാരും കരാറുകളും ഇവിടെത്തന്നെ; ആര്, എന്ത് വ്യവസ്ഥയിൽ, ആരാണ് കുടിശ്ശികയിൽ എന്ന് കമ്മിറ്റിക്ക് എപ്പോഴും അറിയാം.

രജിസ്റ്റർ

ഓരോ സ്വത്തിനും ഒരു എൻട്രി: തരം, വഖ്ഫ് തരം, സർവേ നമ്പർ, വിസ്തീർണം, വാഖിഫ്, ആധാര നമ്പർ, ഉദ്ദേശ്യം. പേരും തരവും മാത്രമേ നിർബന്ധമുള്ളൂ; പഴയ വഖ്ഫുകളിൽ പലതിനും രേഖകൾ കാണില്ല, അതിന്റെ പേരിൽ രജിസ്റ്ററിൽ നിന്ന് പുറത്താകരുതല്ലോ. കയ്യിലുള്ള രേഖകൾ വെച്ച് ബാക്കി പിന്നീട് ചേർക്കാം. ബോർഡോ ജനറൽ ബോഡിയോ ചോദിക്കുമ്പോൾ രജിസ്റ്റർ മുഴുവനായി PDF ആയോ സ്പ്രെഡ്ഷീറ്റായോ എക്സ്പോർട്ട് ചെയ്യാം.

വാടകയും പാട്ടവും

വരുമാനമുള്ള സ്വത്താണെന്ന് അടയാളപ്പെടുത്തിയാൽ രണ്ട് കാര്യങ്ങൾ കൂടി കിട്ടും: യൂണിറ്റുകൾ (കട 1, കട 2, ഒന്നാം നില ഹാൾ എന്നിങ്ങനെ ഭാഗങ്ങളായി വാടകയ്ക്ക് കൊടുക്കുന്ന കെട്ടിടങ്ങൾക്ക്), പിന്നെ ഓരോ കരാറിനും ഒരു ടെനൻസി. വാടകക്കാരന്റെ പേര്, തുക, മാസംതോറുമോ വർഷംതോറുമോ ഒറ്റത്തവണയോ എന്നത് അതിൽ എഴുതുന്നു.

വാടക പിരിക്കാൻ ടെനൻസിയിലെ "Collect rent" ബട്ടൺ മതി. ആ തുക സാധാരണ വരവായി സ്വത്തിന്റെ ഫണ്ടിലേക്ക് ചേരും; അതേ ഘട്ടത്തിൽ നമ്പറുള്ള രസീതും വാടകക്കാരന് കൊടുക്കാം. ഓരോ കരാറും എത്ര മാസം കുടിശ്ശികയിലാണെന്ന് ആപ്പ് തനിയെ കണക്കാക്കും; കുടിശ്ശികക്കാർ പേജിന്റെ മുകളിൽ തന്നെ കാണും. കാഷ്യർക്കും വാടക രേഖപ്പെടുത്താം, രസീത് കൊടുക്കാം; രജിസ്റ്ററും കരാറുകളും മാറ്റാൻ അഡ്മിനും ട്രഷറർക്കും മാത്രമേ കഴിയൂ.

തുടങ്ങാൻ

  1. "Properties" തുറന്ന് ഓരോ വഖ്ഫ് സ്വത്തും ചേർക്കുക; കയ്യിലുള്ള രേഖകളിലെ വിവരങ്ങളും.
  2. വരുമാനമുള്ള സ്വത്തിൽ "earns rent or lease income" ടിക്ക് ചെയ്യുക; ഭാഗങ്ങളായി കൊടുക്കുന്നതാണെങ്കിൽ യൂണിറ്റുകളും ചേർക്കുക.
  3. ഓരോ കരാറിനും ഒരു ടെനൻസി ചേർക്കുക: വാടകക്കാരൻ, തുക, തുടങ്ങിയ തീയതി.
  4. വാടക കിട്ടുമ്പോഴെല്ലാം "Collect rent" അമർത്തി രേഖപ്പെടുത്തുക; രസീത് കൈമാറുക.
  5. വാടകക്കാരൻ ഒഴിയുമ്പോൾ ടെനൻസി "End" ചെയ്യുക; ചരിത്രം അവിടെത്തന്നെ നിൽക്കും.

കള്ളികൾ വിശദമായി

Name
കമ്മിറ്റി ആ സ്വത്തിനെ വിളിക്കുന്ന പേര്. ഉദാഹരണം: അങ്ങാടി ഷോപ്പ് കോംപ്ലക്സ്.
Kind
എന്താണ് ആ സ്വത്ത് എന്നത്: പള്ളി കെട്ടിടം, മദ്രസ, ഖബർസ്ഥാൻ, കടകൾ, വീട്, കൃഷിഭൂമി, ഒഴിഞ്ഞ സ്ഥലം എന്നിങ്ങനെ.
Waqf type
ആധാരത്തിൽ പറയുന്ന വഖ്ഫ് തരം: ഖൈരി (പൊതു), അഹ്‌ലി (കുടുംബം), മുഷ്തറക് (ഇട കലർന്നത്). മഹല്ല് സ്വത്തുകളിൽ മിക്കതും ഖൈരി ആയിരിക്കും.
Survey no and extent
ഭൂരേഖയിലെ സർവേ നമ്പറും വിസ്തീർണവും. വിസ്തീർണം എങ്ങനെയും എഴുതാം: "42.5 സെന്റ്" എന്നും "1200 ചതുരശ്ര അടി" എന്നും.
Waqif
സ്വത്ത് വഖ്ഫ് ചെയ്ത ആളുടെ പേര്.
Deed no and Board record no
വഖ്ഫ് ആധാരത്തിന്റെ നമ്പറും, വഖ്ഫ് ബോർഡിൽ ഈ സ്വത്തിന് ഫയൽ ഉണ്ടെങ്കിൽ ആ നമ്പറും.
Purpose
ആധാരത്തിൽ എഴുതിയ ഉദ്ദേശ്യം. ഉദാഹരണം: പള്ളി പരിപാലനം.
Status
സാധാരണ നിലയിൽ Active. കയ്യേറ്റം, കേസിലുള്ളത്, ഇപ്പോൾ കൈവശമില്ലാത്തത് എന്നിവ പ്രത്യേകം അടയാളപ്പെടുത്താം; അവ ലിസ്റ്റിൽ ബാഡ്ജ് ആയി കാണാം.
Earns rent or lease income
ഈ സ്വത്തിൽ നിന്ന് വാടകയോ പാട്ടമോ കിട്ടുന്നുണ്ടെങ്കിൽ ഇത് ടിക്ക് ചെയ്യുക. അപ്പോൾ യൂണിറ്റുകളും വാടകക്കാരും ചേർക്കാനുള്ള ഭാഗം തുറക്കും.
Rent goes to
ഈ സ്വത്തിന്റെ വാടക ഏത് ഫണ്ടിലേക്ക് പോകണം എന്നത്. ഒന്നും മാറ്റിയില്ലെങ്കിൽ "Property rent" എന്ന ഫണ്ട് ആദ്യ ആവശ്യത്തിൽ തനിയെ ഉണ്ടാകും.

സാധാരണ സംശയങ്ങൾ

പിരിച്ച വാടക എവിടെയൊക്കെ കാണാം?

സാധാരണ വരവ് കാണുന്ന എല്ലായിടത്തും: ഫണ്ടിൽ, ക്യാഷ് ബുക്കിൽ, റിപ്പോർട്ടുകളിൽ. ഒപ്പം വാടകക്കാരന് കൊടുക്കുന്ന രസീതിലും. ഓരോ കരാറിന്റെയും വാടക ചരിത്രം സ്വത്തിന്റെ പേജിൽ തന്നെ കാണാം. വാടക ഒരു സാധാരണ പേയ്മെന്റ് ആയാണ് രേഖപ്പെടുന്നത്; ഒന്നും രണ്ട് തവണ കൂട്ടേണ്ടതില്ല.

വാടകക്കാരൻ മാസത്തിന്റെ പകുതി തുകയേ തന്നുള്ളൂ. എന്ത് ചെയ്യണം?

കിട്ടിയ തുക, ഏത് മാസത്തേക്കാണോ അതിന്റെ പേരിൽ രേഖപ്പെടുത്തുക. ബാക്കി പിന്നീട് കിട്ടുമ്പോൾ അതേ മാസത്തിന്റെ പേരിൽ വീണ്ടും രേഖപ്പെടുത്താം; തുകകൾ ലെഡ്ജറിൽ കൂടിച്ചേരും.

വാടകക്കാരൻ ഒഴിഞ്ഞാൽ End ചെയ്യണോ Delete ചെയ്യണോ?

End ചെയ്യുക. അപ്പോൾ കരാറും പിരിച്ച വാടകയും രസീതുകളും ചരിത്രമായി നിൽക്കും. Delete എന്നത് തെറ്റായി ചേർത്ത, ഒരു വാടകയും രേഖപ്പെടുത്താത്ത കരാറിന് മാത്രമുള്ളതാണ്.

അഡ്വാൻസ് അഥവാ ഡെപ്പോസിറ്റ് എങ്ങനെ രേഖപ്പെടുത്തും?

കരാറിലെ deposit എന്ന കള്ളിയിൽ എഴുതുക. അത് സൂക്ഷിക്കുന്ന പണമാണ്, വരവല്ല; അതുകൊണ്ട് ബുക്കിൽ പേയ്മെന്റായി വരില്ല. വേണമെങ്കിൽ ഒരു സാധാരണ കളക്ഷനായി ഫണ്ടിലേക്ക് രേഖപ്പെടുത്താം.

വാടക വഖ്ഫ് ബോർഡ് വിഹിതത്തിൽ കൂട്ടുമോ?

കൂട്ടും, നിങ്ങളുടെ മഹല്ല് ബോർഡ് വിഹിതം ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ. "Property rent" ഫണ്ട് തുടക്കം മുതലേ വാടക വരുമാനമായി അടയാളപ്പെടുത്തിയിട്ടുണ്ട്; വിഹിതം കണക്കാക്കുന്ന റിപ്പോർട്ട് അത് തനിയെ എടുക്കും.